
തിരുവനന്തപുരം: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിന്നുള്ള എംഎല്‍എയാണ് സണ്ണി ജോസഫ്. 2004-ല്‍ പി.പി തങ്കച്ചന്‍ കെ.പി.സി.സിയുടെ മുപ്പത്തിയൊന്നാമത് അധ്യക്ഷനായി എത്തിയതിന് ശേഷം ഇപ്പോഴാണ് ഒരു ക്രിസ്ത്യന്‍ പ്രതിനിധി കെ പി സി സി തലപ്പത്തേക്ക് എത്തുന്നത്. കെഎസ്‌യു പ്രവർത്തകനായാണ് സണ്ണി ജോസഫ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
1970 മുതൽ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. 1980-കളിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റായി രാഷ്ട്രീയത്തിൽ സജീവമായ സണ്ണി ജോസഫ് 2001-ൽ കെ.സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ പകരം ഡിസിസി പ്രസിഡൻ്റായി നിയമിതനായി.
സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ കെ സുധാകരൻ്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന സണ്ണി ജോസഫ് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016, 2021 നിയമസഭകളിൽ വീണ്ടും അംഗമായ സണ്ണി ജോസഫ് നിലവിൽ കെപിസിസി പ്രസിഡൻ്റും പേരാവൂരിൽ നിന്നുള്ള നിയമസഭാംഗവുമാണ്.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻറ്, ഉളിക്കൽ സഹകരണ ബാങ്ക്,പ്രസിഡൻറ്, തലശ്ശേരി കാർഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡൻറ്, മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡൻറ് 2001-2011 കാലഘട്ടത്തിൽ കണ്ണൂർ ഡി.സി.സി. പ്രസിഡൻറ്, യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ, 2011-2016 , 2016-2021 വരെയും നിയമസഭാംഗം തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.


