
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു വീണാണ് കുട്ടി മരിച്ചത്. നാവായിക്കുളം കുടവൂർ ലക്ഷം കോളനിയിൽ എൻ. എൻ. ബി ഹൗസിൽ സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (7)യാണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിക്കാണ് അപകടം നടന്നത്. സഹോദരിയെ രക്ഷിക്കുന്നതിനിടെയാണ് റിസ്വാന അപകടത്തിൽപ്പെട്ടത്. റിസ്വാനയുടെ ഒന്നര വയസുള്ള സഹോദരി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മരം ഒടിയുന്ന ശബ്ദം കേട്ട് സഹോദരിയെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു.
ഇതിനോടകം മരം റിസ്‌വാനയുടെ ദേഹത്ത് വീഴുകയും സഹോദരി അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


