
ഹൈദരാബാദ് : സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയുമാണ് ചന്തു.
ഇന്ന് രാവിലെ 7 മണിക്കാണ് ആക്രമണം നടന്നത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘമാണ് ചന്തുവിനെ കൊലപ്പെടുത്തിയത്. കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു.
ഒന്നിലേറെ തവണ വെടിയുതിർത്ത ശേഷം ആക്രമിസംഘം കാറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.







