
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർഥിക്ക് സഹപാഠിയുടെ മർദനം. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പുല്ലൂർമുക്ക് സ്വദേശിക്കാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥിക്ക് ക്ലാസ്സ്മുറിയിൽ വച്ച് മർദനമേറ്റത്. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു. കൈയുടെ അസ്ഥിക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം കല്ലമ്പലം പൊലീസിൽ പരാതി നൽകി. മർദിച്ച സഹപാഠിയ്ക്കെതിരെ ജൂവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു.







