
ഡൽഹി: ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയം ഓര്‍മ്മിപ്പിച്ചായിരുന്നു പുഷ്പവൃഷ്ടി. ഭരണഘടനാ ശില്‍പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു.
രാജ്യത്തിന്റെ വഴികാട്ടി ഭരണഘടനയാണെന്നും മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും പ്രസംഗത്തില്‍ സൂചിപ്പിച്ച മോദി സൈനികരെ അഭിനന്ദിച്ചു. ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.
‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ കരുത്തുകാട്ടി. 100 കിലോമീറ്റര്‍ വരെ പാകിസ്താനിലേക്ക് കടന്ന് ആക്രമിച്ചു. ഭീകരവാദികള്‍ക്ക് അര്‍ഹമായ തിരിച്ചടി നല്‍കിയെന്നും മോദി പറഞ്ഞു. സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കർഷകർക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആണവ ഭീഷണി തുടർന്നാൽ, സായുധ സേന സ്വന്തം ലക്ഷ്യങ്ങൾ തീരുമാനിക്കും. അവ നടപ്പിലാക്കുന്നത് സർക്കാർ ഉറപ്പാക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവും അദ്ദേഹം നടത്തി.
ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.







