
തിരുവനന്തപുരം: പ്രവാചക സ്മരണ പുതുക്കി ഇന്ന് നബി ദിനം. മദ്രസകളിലും പള്ളികളിലും പ്രവാചക പ്രകീര്‍ത്തന സദസുകളും ഘോഷയാത്രകളും സംഘടിപ്പിച്ചാണ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നത്. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്‍റെ 1500-ആം ജന്മവാർഷിക ദിനത്തിൽ പ്രത്യേക കാമ്പയിനുകൾ തുടങ്ങാൻ സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്‍ലിം ജമാഅത്തും തീരുമാനിച്ചിട്ടുണ്ട്.
മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക.
കേരളത്തിലെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടക്കും. നബി ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പങ്കുവയ്ക്കലിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും മാതൃകയില്‍ വിവിധയിടങ്ങളില്‍ അന്നദാനവും നടക്കും.







