
തിരുവനന്തപുരം: സെപ്റ്റംബർ 3ന് ചേർന്ന 56- മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്.
12%, 28% എന്നിങ്ങനെയുണ്ടായിരുന്ന സ്ലാബുകൾ ഒഴിവാക്കി 5%, 18% എന്നിങ്ങനെ രണ്ടായി ചുരുക്കിയതോടെ 90 ശതമാനം ഉത്പന്നങ്ങളുടെയും വില കുറയും. ആഡംബര വസ്തുക്കൾ, പുകയില, സിഗരറ്റ്, ലോട്ടറി തുടങ്ങിയവക്ക് 40 ശതമാനം ഉയർന്ന നിരക്ക് ചുമത്തും. 413 ഉത്പന്നങ്ങളുടെ വില കുറയും. ഈ മാറ്റങ്ങൾ വഴി സർക്കാരിന് 48,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയർത്തുവാൻ കൗൺസിൽ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാൽ ഈ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ കാണേണ്ടതാണ്.
ഇടത്തരം വാഹനങ്ങളുടെ ജി.എസ്.ടി. 18 ശതമാനമായി കുറച്ചതോടെ വാഹനങ്ങളുടെ വിലയും കുറയും. ഈ വിലക്കുറവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറാൻ വാഹന നിർമ്മാതാക്കൾ തയ്യാറായിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ ജി.എസ്.ടി. ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.







