
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. സംഭവത്തിൽ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിതുര സ്വദേശി അഖിൽ അച്ചു(20) ആണ് പൊലീസ് പിടിയിലായത്. മാതാപിതാക്കൾ പിരിഞ്ഞതിനെ തുടർന്ന് ബന്ധു വീട്ടിലായിരുന്നു കുട്ടി. 13 വയസ്സുകാരനെ അയൽവാസി കൂടിയായ ബന്ധു ലഹരി വസ്തു നൽകി പല തവണ പീഡിപ്പിക്കുകയായിരുന്നു.
13 കാരനെ നിരന്തരമായി പ്രതി പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഒരു വർഷം മുൻപായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും കുട്ടിയെ അങ്ങോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ അമിതമായി ലഹരിയോട് ആസക്തി കാണിച്ചിരുന്ന കുട്ടിയുടെ പെരുമാറ്റത്തിൽ വീട്ടുകാർക്ക് സംശയം തോന്നിയതോടെയാണ് മാതാപിതാക്കൾ കാര്യങ്ങൾ കുട്ടിയോട് ചോദിച്ചത്. അങ്ങനെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടനെ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും കൗൺസിലിംഗിലൂടെ വിവരങ്ങൾ ശേഖരിച്ച ശേഷം പൊലീസിനെ അധികൃതർ വിവരം അറിയിക്കുകയുമായിരുന്നു.







