
തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മാവനായ ഹരികുമാറിനെ മുഖ‍്യ പ്രതിയാക്കിയും അമ്മ ശ്രീതുവിനെ രണ്ടാം പ്രതിയുമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
നെയ്യാറ്റിൻകര കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇക്കഴിഞ്ഞ ജനുവരി 30ന് പുലർച്ചെയായിരുന്നു അതിക്രൂര കൊലപാതകം നടന്നത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം നടന്ന് പിറ്റേന്ന് തന്നെ ഹരികുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും എട്ട് മാസത്തിന് ശേഷമാണ് ഫോൺ സന്ദേശമടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീതുവിനെ കേസിൽ പൊലീസ് പ്രതി ചേർത്തത്. ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഇതിൽ കുട്ടി തടസമായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.







