
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഷ കൂണ്‍ കഴിച്ച് ആശുപത്രിയിലായവരുടെ വീട്ടില്‍ മോഷണം. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. മോഷണക്കേസിൽ രണ്ടു പേരെ പിടികൂടി. ടോണി, ലിനു എന്നിവരാണ് പിടിയിലായത്.
അമ്പൂരി കാരിക്കുഴി സ്വദേശി മോഹനന്‍കാണിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ആഴ്ചയാണ് കാട്ടിൽ നിന്ന് പറിച്ച കൂൺ കഴിച്ച് മോഹനന്‍കാണിയുടെ കുടുംബം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഈ തക്കത്തിനായിരുന്നു മോഷണം നടന്നത്.
റബര്‍ ഷീറ്റും ഒട്ടുപാലും പാക്കുമാണ് പ്രതികള്‍ ഇവരുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ ഒപ്പം ഒരാൾ കൂടെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായിട്ടുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.







