
അമരാവതി: ആന്ധ്രയിലെ ശ്രീകാകുളത്ത് തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ഏകാദശിയോടനുബന്ധിച്ച് ശ്രീകാകുളത്തെ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാര്‍ത്തികമാസത്തിലെ ഏകാദശി ആന്ധ്രയില്‍ വിശേഷ ദിവസമാണ്. ഇതിനോടനുബന്ധിച്ച് നിരവധി പേര്‍ ദര്‍ശനത്തിനായി ഇന്ന് ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ ആളുകളുടെ എണ്ണം മൂലമുള്ള തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ അമ്പലത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാരിക്കേഡുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കവും ദുഃഖവും രേഖപ്പെടുത്തി.







