
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പെപ്പർ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം. നെടുമങ്ങാട് അരുവിക്കരയിലാണ് സംഭവം നടന്നത്. മുണ്ടേല സ്വദേശി സുലോചനയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്.
സംഭവത്തിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. അരുവിക്കര സ്വദേശികളായ നൗഷാദ് (31) അൽ അസർ (35) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുണ്ടേല – കൊക്കോതമംഗലത്ത് വച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ഇവർ ശ്രമിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ സംഭവം നടന്നത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്നു സുലോചന. ഇതിനിടെ പ്രതികൾ ഒരു ഓട്ടോയിൽ സുലോചനയുടെ അടുത്ത് വരികയും മുണ്ടേലയിലേക്ക് പോകുകയാണെന്ന് അറിയിക്കുകയുമായിരുന്നു.
തുടർന്ന് സുലോചന അതിൽ കയറി. തുടർന്ന് കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. ഇതിനിടെ സുലോചന നിലവിളിച്ചുകൊണ്ട് പുറത്തിറങ്ങി. ഇതോടെ നാട്ടുകാർ ഓടികൂടുകയും പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.







