
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക. മൂന്ന് വകുപ്പുകളുടെ മേധാവികള്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം.
അതേസമയം സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരന്‍റെ പരാതിയിലാണ് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തത്. എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തും.
ഇന്നലെ ഉച്ചയോടെയായിരുന്നു തിരുവനന്തപുരം കരിക്കകം സ്വദേശി ശിവപ്രിയ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ പരാതി.







