
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നതായി പരാതി. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ സ്ഥാനാർഥി ആർ. വിജയനാണ് പൊലീസിൽ പരാതി നൽകിയത്. അയിരൂപ്പാറ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ആണ് ആർ വിജയൻ.
25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. സാധാരണ എല്ലാ ദിവസവും വീട് പൂട്ടിയാണ് വിജയൻ പ്രചരണത്തിനായി പോയിരുന്നത്. എന്നാൽ മോഷണം നടന്ന ദിവസം വീട് പൂട്ടാൻ മറന്നു പോയെന്നാണ് വിജയൻ പറയുന്നത്.
കയ്യിൽ കിടന്ന മോതിരം അന്നു വീട്ടിൽ ഊരിവച്ചെന്നും പറയുന്നു. പ്രചാരണത്തിന് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണു വിജയന്റെ ആരോപണം. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നു സംശയമുണ്ടെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.







