
തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ തിരഞ്ഞെടുത്ത സിനിമാ ലൊക്കേഷൻ സ്കെച്ചുകളുടെ പ്രദർശനം കൈരളി തിയേറ്ററിൽ ആരംഭിച്ചു. നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. കേരളത്തിലെ സമകാലീന ചിത്രകലയുടെ ഭാഷയിൽ തന്റെ സവിശേഷ രേഖാചിത്രങ്ങളും ദൃശ്യ ഭാവനയും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി.
പ്രദർശനം പ്രശസ്ത സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ. രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. മാനുഷിക ഘടകങ്ങൾ, കാലഘട്ടം, സ്വഭാവ സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് കഥാപാത്രങ്ങൾക്ക് രൂപം നൽകാൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് സംവിധായകൻ ടി കെ രാജീവ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അദ്ദേഹത്തിന്റെ നിരീക്ഷണപാടവം വ്യക്തമാണ്. ചടുലമായ വരകൾ വിപുലമായ രീതിയിൽ വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ലൊക്കേഷൻ സ്കെച്ചുകൾ ഫെസ്റ്റിവലിലെ എക്സ്പീരിയൻസിയ, ഋത്വിക് ഘട്ടക്കിന്റെ പ്രദർശനം തുടങ്ങിയ ദൃശ്യാനുഭവങ്ങളോടൊപ്പമാണ് പ്രദർശിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 22 ചിത്രങ്ങളാണ് കൈരളി തിയറ്ററിൽ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ലളിതകലാ അക്കാദമി സെക്രട്ടറി ഇൻ ചാർജ് രാജി എസ് പിള്ള,
ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിയും കേരള കാർട്ടൂൺ അക്കാദമി ചെയർമാനുമായ സുധീർനാഥ്, അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, അക്കാദമി അംഗം സോഹൻ സീനുലാൽ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







