
ലോക്സഭയില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. കേരളത്തിലെ എംപിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എട്ട് എംപിമാരെ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള സസ്പെന്‍ഡ് ചെയ്തു. സഭാ നടപടികള്‍ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോണ്‍ഗ്രസ് എംപിമാരായ മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജ വാറിങ്, ഗുര്‍ജത് ഔജ്ല, പ്രശാന്ത് പടോളെ, കിരണ്‍ കുമാര്‍ റെഡ്ഢി എന്നിവര്‍ക്കും സിപിഎം എംപിയായ സു വെങ്കിടേഷനുമാണ് നടപടി ഉണ്ടായ മറ്റ് എംപിമാര്‍. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സെക്രട്ടറി ജനറലിന്റെ ടേബിളിലേക്ക് ചാടിക്കയറുകയായിരുന്നു. ഡീന്‍ കുര്യാക്കോസും ഹൈബി ഈഡനും മേശപ്പുറത്ത് കയറി. ഇതിനിടയില്‍ ഹൈബി ഈഡനും മാണിക്കം ടാഗോറും കടലാസുകള്‍ വലിച്ചുകീറി സ്പീക്കറുടെ ചെയറിന് നേരെ എറിഞ്ഞു. സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തെ കടലാസുകളാണ് എംപിമാര്‍ എടുത്തെറിഞ്ഞത്. ഇതിന്മേല് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ബിജെപി പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി.







