
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. എസ്‌ഐടി ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാകാര്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെല്ലാം എസ്‌ഐടി ചോദിച്ചിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പ്രതികളുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയതിന്റെയും സമ്മാനങ്ങള്‍ സ്വീകരിച്ചതിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിരുന്നു. ഒരേസമയം അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ചോദ്യം ചെയ്യുന്ന നീക്കമാണ് എസ്‌ഐടി നടത്തിയത്.







