
തിരുവനന്തപുരം: പൊതുജനങ്ങളുടെ നിരന്തര പ്രശ്‌നമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തരായി അലഞ്ഞു നടക്കുന്ന നായകളെ കണ്ടെത്തി അവയെ പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സജീവമായി പുരോഗമിക്കുന്നത്.
ജനങ്ങള്‍ക്ക് നായ ഭീതിയില്ലാതെ നിരത്തിലിറങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കളിപ്പാന്‍കുളം, ചാക്ക, ഫോര്‍ട്ട് തുടങ്ങിയ നായശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ നായകളെ പിടികൂടുന്നത്. പിടികൂടുന്ന നായകളെ നഗരസഭയുടെ കീഴിലുള്ള ആധുനിക സൗകര്യങ്ങളുള്ള ഷെല്‍ട്ടറുകളിലേക്ക് മാറ്റി കൃത്യമായ പരിചരണവും എ.ബി.സി. പ്രോഗ്രാം വഴിയുള്ള വന്ധ്യംകരണവും വാക്‌സിനേഷനും നല്‍കും.







