

ന്യൂഡല്‍ഹി: കേരളം അടക്കം നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കേരളത്തിനു പുറമേ, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. തിയ്യതി പ്രഖ്യാപനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈമാസം 28ന് ശേഷം തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.
ഒരുക്കങ്ങളുടെ ആദ്യപടിയെന്ന നിലയില്‍ തെരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളില്‍ നിന്ന് സ്ഥലംമാറ്റാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരേ ജില്ലയില്‍ മൂന്ന് വര്‍ഷമായി തുടരുന്നവരെയും സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍, എഡിഎമ്മുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍, ബിഡിഒ അടക്കം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ നിര്‍ദേശം ബാധകമാണ്. മെയ് 31നകം വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി.
ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളവരോ, അച്ചടക്ക നടപടികള്‍ നേരിടുന്നവരോ, മുന്‍ തെരഞ്ഞെടുപ്പുകളില്‍ വീഴ്ച വരുത്തിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികളില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ച റിപ്പോര്‍ട്ട് ഫെബ്രുവരി 28നകം സമര്‍പ്പിക്കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഫെബ്രുവരി 28ന് ശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക എന്നാണ് സൂചന. കേരളത്തില്‍ മെയ് 23 വരെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി. പുതുച്ചേരിയില്‍ ജൂണ്‍ 15നാണ് നിലവിലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക. മറ്റിടങ്ങളിലെല്ലാം മെയില്‍ കാലാവധി തീരും.










