അതിവേഗ റെയില്‍പാത; ഡിപിആര്‍ മേയില്‍; റോഡപകടങ്ങള്‍ 50% കുറയ്ക്കും : ഇ.ശ്രീധരന്‍

0
34

തിരുവനന്തപുരം: കേരളത്തിനായി വിഭാവനം ചെയ്ത തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ കേരളത്തിലെ റോഡപകടങ്ങള്‍ 55% വരെ കുറയ്ക്കുമെന്ന് ഇ.ശ്രീധരന്‍. അതിവേഗ റെയിലിനായുള്ള ഡിപിആര്‍ മേയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് സ്റ്റേറ്റ് സെന്റര്‍ സംഘടിപ്പിച്ച സാങ്കേതിക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ തിരുവനന്തപുരം വിമാനത്താവളം വരെയുള്ള പാത ഭൂമിക്കടിയിലൂടെയാകും കടന്നു പോകുകയെന്നും അദ്ദേഹം പറയുന്നു.

സില്‍വര്‍ലൈനിനേക്കാള്‍ നാലിലൊന്ന് ഭൂമി മാത്രമാണു പാതയ്ക്കായി ആവശ്യമായി വരിക. കൊങ്കണ്‍ റെയില്‍വേയുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു 4 മാസം കഴിഞ്ഞാണു പദ്ധതിക്ക് കേന്ദ്രാനുമതി വന്നത്. അതിവേഗ റെയില്‍ പദ്ധതിക്കു സംസ്ഥാനത്ത് ഭരണത്തില്‍ വരുന്നവരുടെ താല്‍പര്യവും പ്രധാനമാണ്. 5 സെക്ഷനുകളാക്കി തിരിച്ചു പദ്ധതി 5 വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേഗപാത വന്നാല്‍ കേരളത്തില്‍ റെയില്‍വേ മൂന്നും നാലും പാത നിര്‍മിക്കേണ്ട ആവശ്യം വരില്ല. ദീര്‍ഘദൂര ട്രെയിനുകളായിരിക്കും കൂടുതലായി നിലവിലുള്ള റെയില്‍വേ പാതയില്‍ ഓടുക. കേരളത്തിനുള്ളിലെ യാത്രയ്ക്കു പ്രധാന യാത്രമാര്‍ഗമായി അതിവേഗ റെയില്‍ മാറും. സില്‍വര്‍ലൈന്‍ പദ്ധതിയേക്കാള്‍ അതിവേഗ റെയിലിനു ചെലവു കുറയാന്‍ കാരണം പാതയില്‍ ചരക്ക് ട്രെയിനുകളോടിക്കാന്‍ പദ്ധതിയില്ലാത്തത് കൊണ്ടാണ്. ആക്‌സില്‍ ലോഡ് കുറയുന്നത് പദ്ധതി ചെലവു കുറയ്ക്കും. തിരുവനന്തപുരം മെട്രോ ആദ്യ രൂപത്തില്‍ നിന്നു മാറ്റി ഡിസൈനിലും മാറ്റം വരുത്തിയതു കൊണ്ടാണ് അനുമതി ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here