

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനിച്ചു. പരിവര്‍ത്തിത ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ മൂന്നംഗ സമിതിക്കും മന്ത്രിസഭാ യോഗം രൂപം നല്‍കി. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കമ്മിറ്റിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ബിശ്വനാഥ സിന്‍ഹ, ടി.വി.അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. പെന്തക്കോസ്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള SCCC, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പിക്കാനാണ് നിര്‍ദേശം.
നിയമ വകുപ്പ് സെക്രട്ടറി കെ.ജി സനല്‍കുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ധാരണായായിട്ടുണ്ട്. നിയമനത്തിനായി ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതിയുടെ വിശദ മാര്‍ഗരേഖയും മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബര്‍ ഒന്നിന് അതിദാരിദ്ര്യ നിര്‍മ്മാജന പ്രഖ്യാപന വേളയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിദരിദ്രര്‍ക്ക് തൊട്ടുമുകളില്‍ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തില്‍ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങള്‍ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.










