പ്രവാസികളുടെ കഴുത്തറുത്ത് വിമാനക്കമ്പനികള്‍; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി; പ്രവാസികളുടെ പെരുന്നാള്‍ പ്രതിസന്ധിയില്‍

0
31

12

കോഴിക്കോട്: പശ്ചിമേഷ്യന്‍ യുദ്ധം അന്തമില്ലാതെ തുടരുന്ന ഘട്ടത്തില്‍ വിമാനയാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. ചെറിയ പെരുന്നാളിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങളെ ദുരിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടാണ് വിമാനയാത്രാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്. പെരുന്നാള്‍ ആഘോഷത്തിനും മരണം പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിലും അടിയന്തരമായി നാട്ടിലെത്തുന്നവരെയാണ് നിരക്ക് വര്‍ധന വലയ്ക്കുക. നിലവില്‍ ഇപ്പോള്‍ തന്നെ നിരക്ക് അരലക്ഷത്തിനടുത്താണ്. ഇത് പെരുന്നാള്‍ വരുന്ന അടുത്ത ആഴ്ച ലക്ഷം കടന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.

അബുദാബി-കോഴിക്കോട്, ദുബായ്-കോഴിക്കോട് നിരക്കുകള്‍ വിദേശ വിമാന കമ്പനികള്‍ 35,000 രൂപ മുതല്‍ 55,000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വിദേശ കമ്പനികളുമായി കണക്കാക്കുമ്പോള്‍ കുറവാണെങ്കിലും ഇന്ത്യന്‍ കമ്പനികളും നിരക്കില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെ വര്‍ധന വരുത്തിയിട്ടുണ്ട്. ദുബായ്-കൊച്ചി നിരക്കുകള്‍ 30,000 രൂപ മുതല്‍ 77,000 രൂപ വരെയാണ് ഉയര്‍ന്നത്. മസ്‌ക്കത്തില്‍ നിന്നുള്ള കുറഞ്ഞ നിരക്ക് 22,000 രൂപയാണ്. സീസണല്ലാത്ത സമയങ്ങളില്‍ ജിദ്ദയില്‍ നിന്ന് 15,000 രൂപയ്ക്കു വരെ ലഭിക്കുമായിരുന്ന ടിക്കറ്റുകള്‍ക്ക് നാലിരട്ടിയോളമാണ് നിരക്ക്. ദുബായ്-കോഴിക്കോട് ടിക്കറ്റിന് സാധാരണ 10,146 എന്ന നിരക്കാണ് ശരാശരി വരുന്നതെങ്കില്‍ വെള്ളിയാഴ്ച 43,781 രൂപ നല്‍കണം. അതേസമയം നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോകാന്‍ 14,366 രൂപയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. അബുദാബി കോഴിക്കോട് ടിക്കറ്റിന് ശരാശരി 45,000 രൂപ വരെയാണ് നിലവിലെ നിരക്ക്.

വിദേശ വിമാനക്കമ്പനികളുടെ ചുവടുപിടിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനക്കമ്പനികളും നിരക്കില്‍ വര്‍ധന വരുത്തുന്നതാണ് പ്രവാസികളെ ഏറെ വലയ്ക്കുന്നത്. വര്‍ധിക്കുന്ന പ്രവര്‍ത്തനച്ചെലവ് പരിഹരിക്കാന്‍ ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരിലാണ് വിമാനക്കമ്പനികള്‍ നിരക്കു വര്‍ധന നടപ്പാക്കുന്നത്. പ്രവാസികള്‍ ഏറെയുളള യുഎഇ, സൗദി സെക്ടറിലാണ് കൂടുതല്‍ വര്‍ധന. യുദ്ധ പ്രതിസന്ധിക്കിടെ ദുബായ്, അബുദാബി, റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നാണ് കൂടുതലും വിമാന സര്‍വീസ് നടക്കുന്നത്. സൗദിയില്‍ നിന്നും വിമാന സര്‍വീസ് ഉണ്ടെങ്കിലും കനത്ത നിരക്കാണ് ഈടാക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here