
കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത ഭർത്താവ് അറസ്റ്റിലായി. മേനംകുളം ചിറ്റാറ്റുമുക്ക് പുതുവൽ പുത്തൻ വീട്ടിൽ ഷബി (45) യെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ യാതൊരുവിധത്തിലും ഉപദ്രവിക്കരുതെന്ന് ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കർശനമായ സംരക്ഷണ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാൽ, ഇതിനിടയിൽ ഭാര്യ കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. കഴിഞ്ഞ 19-ാം തീയതി രാത്രി 9.30-ഓടെ കത്തിയുമായി ഭാര്യയുടെ വീട്ടിലെത്തിയ പ്രതി, ഇവരെ ചീത്തവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് 20-ാം തീയതി പുലർച്ചെ 1.30-ഓടെ വീണ്ടും പെട്രോളുമായി എത്തി, വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഭാര്യയുടെ സ്കൂട്ടറിന് തീയിടുകയായിരുന്നു. തീപിടുത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും നശിച്ചു. ഭർത്താവിന്റെ നിരന്തരമായ പീഡനം സഹിക്കവയ്യാതെയാണ് യുവതി കോടതിയെ സമീപിച്ചത്. അക്രമത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ സബ് ഇൻസ്പെക്ടർ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ, സുരേഷ് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘം ഏറെ പ്രയത്നിച്ചാണ് കീഴ്പ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







