തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഡ്രൈവർ യദു നൽകിയ ഹർജി പരിഗണിച്ച് കോടതി. യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പരാതി കോടതി പൊലീസിന് കൈമാറി.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയാണ് നിർദേശം നൽകിയിരിക്കുന്നത്. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ നിർദേശിച്ചിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചുമത്തിയാകും കേസ് രജിസ്റ്റർ ചെയ്യുക. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.