കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. ഇതോടെ പ്രതിസന്ധിയിലായി യാത്രക്കാർ. സർവീസ് ആരംഭിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം പുറത്തറിഞ്ഞത്. ഇതാണ് കൂടുതൽ യാത്രക്കാരെ വലച്ചത്. രാജ്യവ്യാപകമായിട്ടാണ് ജീവനക്കാർ സമരം ആരംഭിച്ചത്. 250 ജീവനക്കാരാണ് നിലവിൽ സമരത്തിലുള്ളത്.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 12 സർവ്വീസുകളാണ് മുടങ്ങിയത്. ഇതോടെ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ എത്തിയ നൂറുക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ പ്രതിഷേധത്തിലാണ് യാത്രക്കാർ.
അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്താണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തി. ജീവനക്കാർ പണിമുടക്കിൽ ആണെന്ന വിവരം കമ്പനി ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാൽ അവസാന നിമിഷം കാബിൻ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും യാത്രക്കാരോട് ക്ഷമ ചോദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു. കൂടാതെ യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും അവസരമുണ്ടാകുന്നും കമ്പനി അറിയിച്ചു.