ചെന്നൈ: മലയാള ചലച്ചിത്ര രംഗത്ത് ഏറെ ജനശ്രദ്ധ ആകർഷിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. എന്നാൽ ചിത്രം സൂപ്പർ ഹിറ്റായതിനു ശേഷം നിയമകുരുക്കുകളിൽ അകപ്പെട്ടിരിക്കുകയാണ്. നേരത്തെ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾക്കെതിരെ കോടതിയിൽ കേസ് ചെയ്തിരുന്നു. എന്നാൽ അതിനു പിന്നാലെ മറ്റൊരു കേസ് കൂടെ ചിത്രത്തിന് വന്നിരിക്കുകയാണ്.
മഞ്ഞുമ്മൽ ബോയ്സിനെതിരേ നിയമനടപടിയുമായി പ്രശസ്‌ത സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയിരിക്കുകയാണ്. ഗുണ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ സംഗീത സംവിധാനം ചെയ്ത ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’. ഈ ഗാനം മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഈ ഗാനം തന്റെ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നു കാണിച്ചാണ് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ടൈറ്റിൽകാർഡിൽ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസിൽ പറയുന്നു.
15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീൽ നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. അതെ സമയം ഗുണ സിനിമയുടെ അണിയറ പ്രവർത്തകരുടെ അനുവാദത്തോടെയാണ് സംവിധായകൻ ചിദംബരം തന്റെ ചിത്രത്തിൽ ഗാനം ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.