ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കാറിനുള്ളില്‍ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയതിനാണ് നടപടി. ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രം ലോറിയിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സ്റ്റൈലിലാണ് സഞ്ജു ടെക്കി സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂള് ഒരുക്കിയത്.
സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തത്. അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് ഈ പൂൾ കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. രാവിലെ പത്തിന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്.
കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയത്. വാഹനത്തിലെ പൂളിന്റെ മര്‍ദ്ദം കൊണ്ട് എയര്‍ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു.