തൃശൂർ: അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റുമെന്ന് റവന്യു മന്ത്രി കെ.രാജൻ. കണ്ണാറ പീച്ചി റോഡിൽ മരം മറിഞ്ഞു കഴിഞ്ഞ രാത്രി ഗതാഗത തടസം ഉണ്ടായതിനെത്തുടർന്ന് കെ.എഫ്.ആർ.ഐ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പീച്ചി റോഡിലെ അപകടകരമായ നിലയിലുള്ള മരങ്ങളുടെ പട്ടിക തയ്യാറാക്കി കെ എഫ് ആർ ഐ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ദുരന്തനിവാരണ സമിതിയ്ക്ക് ഉടൻ സമർപ്പിക്കും. സമിതി പട്ടിക പരിശോധിച്ച് മരം മുറിച്ചുമാറ്റുന്നതിന് തൃശൂർ ഡി എഫ് ഒ യ്ക്ക് ഉത്തരവ് നൽകും.
മരം മുറിയ്ക്കുന്നത് സങ്കടകരമാണെങ്കിലും ദുരന്തം ഒഴിവാക്കുന്നതിന് അപകടനിലയിലുളളവ മുറിക്കാതെ മറ്റ് മാർഗമില്ല. അതിനാൽ ശിഖരങ്ങൾ മാത്രം മുറിച്ച് സുരക്ഷിതമാക്കാവുന്ന മരങ്ങൾ മുഴുവനായി മുറിക്കേണ്ടതില്ലെന്നും മന്ത്രി രാജൻ ഓർമ്മിപ്പിച്ചു. മരം മറിഞ്ഞുണ്ടായ വൈദ്യുതി തടസം പുനസ്ഥാപിച്ചു കഴിഞ്ഞു. റോഡരികിൽ നിൽക്കുന്ന മരങ്ങളുടെ സുരക്ഷിതാ അവസ്ഥ ആഴ്ച്ചയിലൊരിക്കലെങ്കിലും പരിശോധിക്കണമെന്നും മന്ത്രി വനം വകുപ്പിനോട് നിർദ്ദേശിച്ചു.
ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ യോഗത്തെ സ്വാഗതം ചെയ്തു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ പി എം കുര്യൻ, തൃശൂർ ഡി എഫ് ഒ രവികുമാർ മീണ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി.രവീന്ദ്രൻ, അംഗങ്ങളായ രേഷ്മ സജീവ്, ബാബു തോമസ്, സെക്രട്ടറി ജോൺ റ്റി.ആർ, കെ എഫ് ആർ ഐ ശാസ്ത്രജ്ഞരായ ഡോ. വി. അനിത, ഡോ.എ.വി. രഘു, ഡോ.കെ.എ. ശ്രീജിത്ത്, ഡോ. പി. സുജനപാൽ, ഡോ. ആർ.ജയരാജ്, കെ എസ് ഇ ബി പട്ടിക്കാട് അസി.എൻജിനീയർ ഷിബു ഇ.എസ്, വില്ലേജ് ഓഫീസർ സുരേന്ദ്രൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഇതര വകുപ്പ് നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.