തിരുവനന്തപുരം: അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ജൂൺ 15ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സ്‌കിൽ പാർക്കിന്റെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് നിർവ്വഹിക്കും. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനും മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയുമാവും.
നൂതന തൊഴിൽമേഖലകളിലേക്ക് എത്തിപ്പെടാൻ അഭ്യസ്തവിദ്യരും തൊഴിൽ പരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലായ അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയ പതിനാറാമത് സ്‌കിൽ പാർക്കാണ് തിരുവനന്തപുരം വിഴിഞ്ഞത്തേത്. മികവുറ്റതും നൂതനവുമായ തൊഴിൽ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്. മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് യുവാക്കളെ തൊഴിൽസജ്ജരാക്കി, അവരുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്‌സുകൾ ഇവിടെ ലഭ്യമാക്കും.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന നൈപുണ്യ പരിശീലനത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാകും വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്. തീരദേശ മേഖലയിലെ വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യാർത്ഥമാണ് ഹോസ്റ്റൽ സൗകര്യവും സ്‌കിൽ പാർക്കിന് അനുബന്ധമായി ഒരുക്കിയിരിക്കുന്നത്. 18 കോടി 20 ലക്ഷം രൂപ ചെലവിൽ രണ്ടു നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പൂർത്തിയാക്കിയിട്ടുള്ളത്. 16,387 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നാലു നിലകളിലാണ് ഹോസ്റ്റൽ ബ്ലോക്ക്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും കെട്ടിടത്തിന്റെ പ്രത്യേകതയാണ്. വിദ്യാർഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രത്യേക സെർവർ റൂമോടുകൂടിയ ഐ.ടി ലാബ് സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ഭിന്നശേഷിസൗഹൃദമായാണ് സ്‌കിൽ പാർക്ക് ഒരുക്കിയിരിക്കുന്നത്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ശൗചാലയ സൗകര്യം, കാഴ്ച പരിമിതിയുള്ളവർക്കുള്ള ടൈലുകൾ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒന്നര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി 20 കെഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഉണ്ട് – മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
സ്‌കിൽ പാർക്ക് പ്രവർത്തന സജ്ജമാകുന്നതോടുകൂടി തുറമുഖരംഗത്ത് കൂടുതൽ തൊഴിൽ നേടാൻ ആവശ്യമായ നൈപുണ്യ കോഴ്സുകൾ ഇവിടെ ലഭ്യമാക്കും. അതോടൊപ്പം അസാപ് കേരള നടത്തുന്ന വിവിധ നൈപുണ്യ കോഴ്സുകളും, സർക്കാരിന്റെ മറ്റു പരിശീലന പരിപാടികളും വിഴിഞ്ഞം സ്‌കിൽ പാർക്കിൽ ഉണ്ടായിരിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.