ഡൽഹി: ഛത്തിസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ആർ വിഷ്ണുവിന്റെ (35) മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ പുലർച്ചെ 1:25 ന് തിരുവനന്തപുരത്തെ പാലോട് ഉള്ള വിഷ്ണുവിന്റെ വീട്ടിലെത്തിക്കും. അടുത്ത മാസം 15ന് നാട്ടിലേക്ക് വരാനിരിക്കുകയാണ് വിഷ്ണുവിന്റെ വിയോഗം.
പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റേയും അജിതയുടേയും മകനാണ് വിഷ്ണു. ഭാര്യ നിഖില. നിർദ്ദേവ്, നിർവ്വിൻ എന്നിവർ മക്കളാണ്.
കഴിഞ്ഞ മാസമാണ് പുതിയ വീട് വച്ച് കുടുംബം താമസം മാറിയത്. 10 വർഷമായി രാജ്യത്തിനായി സേവനം അനുഷ്ഠിച്ച വിഷ്ണു ഇന്നലെ വൈകുന്നേരമാണ് കുഴിബോംബ് പൊട്ടി തെറിച്ച് മരിച്ചത്. വിഷ്ണുവിനൊപ്പം ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്രയും (29) കൊല്ലപ്പെട്ടിരുന്നു. സിആർപിഎഫിൻ്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) 201 ബറ്റാലിയനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവർ.
സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബ് പൊട്ടിത്തെറിച്ച് തകരുകയായിരുന്നു.