തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളത്തിന്റെ കീഴിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ ഈ വർഷം സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും കുട്ടികൾ ഓരോ ഘട്ടത്തിലും ആർജ്ജിക്കേണ്ട ശേഷികൾ നേടി എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.
കൂടാതെ പഠനപ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന വിദ്യാർഥികളെ കണ്ടെത്തി പിന്തുണ നൽകുന്നതിന് അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ കുട്ടികൾക്കായി ഹെൽപ്പിംഗ് ഹാൻഡ് എന്ന പേരിൽ പഠനപോഷണ പരിപാടി നടപ്പിലാക്കും. കുട്ടികളിൽ വായനാശീലം വളർത്താൻ സ്‌കൂൾ ലൈബ്രറികളെയും ക്ലാസ് ലൈബ്രറികളെയും ശാക്തീകരിക്കും. ലൈബ്രറികളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ കുട്ടികളെ സ്വതന്ത്രവായനക്കാരായി മാറ്റുവാനാകുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 14 ഡയറ്റുകളെയും 5 വർഷം കൊണ്ട് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പദ്ധതി നടപ്പാക്കും. ഈ വർഷം പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ മൂന്നു ഡയറ്റുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ മൂന്നു ഡയറ്റുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 21.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സും സജ്ജീകരിക്കുന്നതിന് രണ്ട് കോടി എഴുപത് ലക്ഷം രൂപ വീതം ആകെ 37.8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീരദേശ മേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക, സാമൂഹിക, കായികപരമായ വികാസം സാധ്യമാക്കുന്നതിന് ബീച്ച് ടു ബെഞ്ച് എന്ന പേരിൽ പദ്ധതി നടപ്പാക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 121. 23 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
സഹായ ഉപകരണങ്ങളുടെ വിതരണം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, പെൺകുട്ടികൾക്കുള്ള സ്റ്റൈപ്പന്റ്, ഓട്ടിസം സെന്ററുകളുടെ പ്രവർത്തനം, തെറാപ്പി സേവനങ്ങൾ, ചങ്ങാതിക്കൂട്ടം, കിടപ്പിലായ കുട്ടികൾക്കുള്ള പരിപാടികൾ എന്നിവയാണ് നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ.