തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം. 2 തൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ തിരയിൽ പെട്ട വള്ളം തലകീഴായി മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ രാവിലെ 10:45 ഓടെയാണ് അപകടമുണ്ടായത്. പെരുമാതുറ സ്വദേശി സലീമിൻ്റെ ഉടസ്ഥതയിലുള്ള ഫിർദൗസ് എന്ന വള്ളമാണ് മറിഞ്ഞത്. പെരുമാതുറ സ്വദേശികളായ നബീൽ ,സജിൻ എന്നിവർ വള്ളത്തിൽ ഉണ്ടായിരുന്നു.ഇവർ പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.
അപകടം സംഭവിച്ച ഉടനെ മത്സ്യത്തൊഴിലാളികളും ഫിഷറീസ് ഗാർഡുകളുടെ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മത്സ്യത്തൊഴിലാളികളെ കരയ്ക്ക് എത്തിക്കാൻ സാധിച്ചത്. വള്ളത്തിൽ ഉണ്ടായിരുന്ന മീനും എഞ്ചിനും നഷ്ടപ്പെട്ടു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. സമാന രീതിയിൽ കഴിഞ്ഞ ദിവസവും വള്ളം മറിഞ്ഞിരുന്നു. ഈ മൺസൂൺ സീസണിൽ ഉണ്ടാകുന്ന പതിനേഴാമത്തെ അപകടമാണ് ഇന്നലെ നടന്നത്. കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്. ശക്തമായ തിരയാണ് തീരത്തുള്ളത്. ഇതിനോടൊപ്പം ഹാർബറിൻ്റെ പ്രവേശന കവാടത്തിലും തിരയടിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.