തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കൽ ജോലിക്കിടെ അപകടത്തിൽ മരണപ്പെട്ട ജോയിയുടെ കുടുംബത്തിനു സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാൾക്കു ജോലി നൽകാനുള്ള നടപടിയും സർക്കാർ കൈക്കൊള്ളണം.
നെയ്യാറ്റിൻകര മാരായമുട്ടം വടകരയിലെ ജോയിയുടെ വീട്ടിൽ സന്ദർശനം നടത്തി.
മാലിന്യ ശുചീകരണ ജോലികളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. മൻഹോൾ ശുചീകരിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയ നൗഷാദ് എന്ന സന്നദ്ധപ്രവർത്തകൻ മരണപ്പെട്ടപ്പോൾ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ ഇന്ന് ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുകയും അതിനാവശ്യമായ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും സർക്കാറിന് സാധിക്കേണ്ടതുണ്ട്.