തിരുവനന്തപുരം: നടൻ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേശ് നാരായൺ പൊതുവേദിയിൽ അപമാനിച്ചുവെന്ന തരത്തിൽ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവം നടന്നത്.
അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ ആയിരുന്നു നടന്‍ ആസിഫ് അലിയെ ക്ഷണിച്ചത്. തുടർന്ന് ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍ അദ്ദേഹത്തെ ഒന്നു നോക്കുക പോലും ചെയ്യാതെ രമേഷ് നാരായണ്‍ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് രമേശ് നാരായണെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് നാരായൺ. തന്റെ ജീവിതത്തിൽ ആരെയും താൻ അപമാനിച്ചിട്ടില്ലെന്നാണ് സംഭവത്തിൽ വിശദീകരണമായി രമേശ് നാരായണൻ പറയുന്നത്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായൺ പറഞ്ഞു.
ആസിഫ് അലി വന്നത് പുരസ്കാരം തരാനാണെന്ന് കരുതിയില്ല. ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും മുൻ നിരയിൽ ഇരുന്നതുകൊണ്ടു ജയരാജനെ കൂടെ വിളിച്ചു എന്നേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ താൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ തന്നെ വിളിച്ചിരുന്നില്ലെന്നും അതിനാൽ തനിക്ക് നല്ല വിഷമം തോന്നിയെന്നും ഇത് ഞാൻ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.