കൽപറ്റ: വയനാടിന്റെ കണ്ണീരൊപ്പാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കർമ്മരംഗത്തുള്ള നാഷണൽ സർവീസ് സ്‌കീം ദുരന്തബാധിതരുടെ പുനരധിവാസത്തിലും കൈത്താങ്ങേകുകയാണ്. പ്രകൃതിക്ഷോഭം പാർപ്പിടം നഷ്ടപ്പെടുത്തിയവരിൽ 150 കുടുംബങ്ങൾക്ക് നാഷണൽ സർവീസ് സ്‌കീം നേതൃത്വത്തിൽ സർക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേർന്ന് വീടുകൾ പണിതു നൽകും.
കേരളത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്ന ഏറ്റവും വലിയ വേദനകളിൽ ഒന്നായിത്തീർന്നിരിക്കുന്ന ദുരന്തത്തിലെ ഇരകൾക്ക് കേരളീയ കലാലയങ്ങൾ നൽകുന്ന സാന്ത്വനമായാണ് ഇത്രയും വീടുകൾ പണിതു നൽകുക. സ്വന്തമായി വീടില്ലാത്ത നിർദ്ധനസഹപാഠികൾക്ക് ‘സ്‌നേഹവീടുകൾ‘ ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചുപോരുന്ന നാഷണൽ സർവീസ് സ്‌കീം ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ സന്നദ്ധപ്രവർത്തനങ്ങളിൽ ഒന്നാകും ഇത്.
സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമ്മാണം ഏറ്റെടുക്കുക. കാലിക്കറ്റ് സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലെയും, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ ടി ഐ തുടങ്ങിയവയിലെയും എൻ എസ് എസ് സെല്ലുകളുടെ കീഴിലുള്ള എൻ എസ് എസ് യൂണിറ്റുകളും എൻ എസ് എസ് മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും സംസ്ഥാന ഓഫീസർമാരും ഈ സ്‌നേഹദൗത്യത്തിൽ പങ്കാളികളാകും.
മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദുരന്തദിനത്തിൽത്തന്നെ എൻ എസ് എസ് / എൻസിസി കർമ്മഭടന്മാർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ആ പ്രവർത്തനങ്ങൾ തുടരുകയാണ്. അതോടൊപ്പം, ദീർഘകാലാടിസ്ഥാനത്തിലുള്ള കൂടുതൽ സമാശ്വാസ പ്രവർത്തനങ്ങളും ദുരന്തമേഖലയിൽ എൻ എസ് എസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി, ദുരന്തബാധിതർക്ക് അവരനുഭവിച്ച മെന്റൽ ട്രോമ മറികടക്കാൻ വേണ്ട വിദഗ്ദ്ധ കൗൺസലിംഗ് എൻ എസ് എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാർഥികളിൽ പ്രത്യേകശ്രദ്ധ കൊടുക്കാനായി തിരിച്ചെത്തിക്കാനായി ‘ബാക്ക് ടു സ്‌കൂൾ ബാക്ക് ടു കോളേജ്‘ ക്യാമ്പയിനും എൻ എസ് എസ് രൂപകല്പന ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു സ്കൂളി‘ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ എൻ എസ് എസ് നൽകും.
ആരോഗ്യ സർവകലാശാല എൻ എസ് എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കും. ഇപ്പോൾ എൻ എസ് എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തുടർച്ചയായി ദുരിത മേഖലയിൽ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവിൽ എൻ എസ് എസ് വളണ്ടിയർമാരും ഓഫീസർമാരും യൂണിറ്റുകളും പങ്കെടുക്കും.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ സാങ്കേതികപരിജ്ഞാനംകൂടി പുനരധിവാസപ്രവർത്തങ്ങളിൽ ഉപയോഗപ്പെടുത്തും. പോളി ടെക്നിക്ക് കോളേജുകൾ, എൻജിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവയിലെ എൻ എസ് എസ് ടീമുകളുടെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക്കൽ-പ്ലംബിങ് പ്രവൃത്തികൾ തുടങ്ങിയ സാങ്കേതികസേവനം ഒരുക്കിനല്കും. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും സേവനോന്മുഖരായി എൻ എസ് എസ് വളണ്ടിയർമാരും എൻസിസി കേഡറ്റുകളും നാടിന്റെ കണ്ണീരൊപ്പാൻ കലാലയങ്ങളുടെയാകെ പ്രതിനിധികളായി മൊത്തം സന്നദ്ധപ്രവർത്തനങ്ങളോട് തോളോടുതോൾ ചേർന്നു പ്രവർത്തിക്കുകയാണ്.
വയനാട് ചൂരമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്തത്തിൽ ഇരകളായവർക്ക് സഹായഹസ്തം എത്തിയ്ക്കാൻ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയൻ എൻ.സി.സി. വയനാടിന്റെ കേഡറ്റുകളും, എൻ.സി.സിയിലെ മിലിറ്ററി ഓഫീസർമാരും കർമ്മനിരതരായി രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാമ്പുകളിലും ഫുഡ് പാക്കിംഗ് കേന്ദ്രങ്ങളിലും എല്ലാമായി ഇവരെ വിഭജിച്ച് ചുമതലയേൽപ്പിച്ചിട്ടുണ്ട്.
മീനങ്ങാടിയിൽ കുടുംബത്തോടെ കാണാതായ കേഡറ്റ് വൈഷ്ണവിനെ (EMBC മീനങ്ങാടി) പോലെ വലിയ പ്രയാസങ്ങൾ എൻസിസി കുടുംബത്തിന് ഈ പ്രദേശത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. കുടുംബാംഗങ്ങളെയും വീടും ആകെ നഷ്ടപ്പെട്ട ലാവണ്യ (ജെഎൻവി ലക്കിടി), പി എസ് അഭിനന്ദ് (ഗവ. കോളേജ് മാനന്തവാടി), വീടു നഷ്ടപ്പെട്ട എം അഭിനവ് (NMSM), പി ആദിത്യ (SMC സുൽത്താൻ ബത്തേരി) എന്നിങ്ങനെ സഹപ്രവർത്തകരായ കേഡറ്റുമാരുടെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിനിടയിലാണ് ഇവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.
സഹജീവികളോടുള്ള കരുണയാൽ ഇത്ര പ്രയാസകരമായ ദൗത്യത്തിൽ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന എൻ എസ് എസ് / എൻസിസി കർമ്മഭടന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നു. നാടൊന്നാകെ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അതിൽ ക്യാമ്പസുകളുടെ കൂടി കൈത്താങ്ങ് അർപ്പിക്കാൻ എൻ സി സി / എൻ എസ് എസ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ഈ പ്രവർത്തനങ്ങൾ തുടർദിവസങ്ങളിലും ഇരുപത്തിനാലു മണിക്കൂറും ഉണ്ടാകും. അതിനായുള്ള നിർദ്ദേശവും ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.