കഴക്കൂട്ടം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ചാന്നാങ്കര സ്വദേശിയായ രഹ്നയുടെ പക്കൽ നിന്ന് 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺകുമാർ (32), സഞ്ജയ് (21), ഉബൈദ് (19) എന്നിവരാണ് അറസ്റ്റിലായത്.
ഓൺലൈൻ ട്രേഡിംഗ് വഴി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വാട്‌സ് ആപ്. ഇൻസ്റ്റാഗ്രാം, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ക്രീൻ ഷോട്ടും, ലിങ്കും ഷെയർ ചെയ്താണ് കേരളത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തിയതെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ബിസിനസ് നടത്തുമ്പോൾ ദിവസവും 5000ത്തോളം രൂപ ലാഭം ലഭിക്കുമെന്നും പറഞ്ഞാണ് സംഘം പലരെയും വലയിൽ വീഴ്ത്തിയത്.
ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നതിന് വേണ്ടി മാത്രം പ്രത്യേക സംഘങ്ങൾ പ്രവർത്തിച്ച് വരുന്നതായും, നിരവധി പേർ ഇത്തരം തട്ടിപ്പിനിരയായതായി പൊലീസിന് വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ വലയിലാക്കിയത്. തട്ടിപ്പിനിരയായി രൂപ നഷ്ടപ്പെട്ടാൽ എത്രയും പെട്ടന്നുതന്നെ സൈബർ ക്രൈം പോർട്ടൽ നമ്പറായ 1930-ൽ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ബി.സ് സാജൻ, എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ ജ്യോതിഷ്, ജിഎസ്.സി.പി.ഒ അനീഷ്, സി.പി.ഒ സുരേഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്