കൊല്ലം: കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന കേസില്‍ പ്രതി അജ്മലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. പ്രതി മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ഇതിനു പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മനപൂര്‍വ്വമായ നരഹത്യ ,അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടര്‍ വെഹിക്കല്‍ ആക്ട് പ്രകാരവുമാണ് കേസ്. കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് അപകടം നടന്നത്. സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളയുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അജ്മലിനെ ഇന്നാണ് പോലീസ് പിടികൂടിയത്.
ശാസ്‌താംകോട്ട പതാരത്ത് നിന്നാണ് അജ്മലിനെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്.
കാറിൽ അജ്മലിനൊപ്പം സുഹൃത്ത് ശ്രീകുട്ടിയുമായിരുന്നു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ സുഹൃത്ത് ശ്രീകുട്ടിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് അറിയുന്നത്.