തിരുവനന്തപുരം: ശബരിമലയിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് പുന:പരിശോധിക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമലയില്‍ അശാസ്ത്രീയവും ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തരുത്. സ്‌പോട്ട് ബുക്കിങ് പൂര്‍ണമായും നിര്‍ത്തലാക്കിയത് ഭക്തജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരെ ഏറെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇതില്‍ 10,000 മുതല്‍ 15,000 വരെ സ്‌പോട്ട് ബുക്കിങ് നിലനിര്‍ത്തണം. കഴിഞ്ഞ തവണ തീര്‍ഥാടനത്തില്‍ സംഭവിച്ച ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കുന്നതിന് പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിക്കണം. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന ബസുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.