തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാന്തിഗിരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രിയ്ക്കെതിരെ വിമർശനവുമായി ഗവർണർ രംഗത്തെത്തിയത്.
വിമാനത്താവളങ്ങളില്‍ സ്വര്‍ണം പിടിക്കേണ്ടത് കസ്റ്റംസിന്റെ ചുമതലയാണെന്നും എന്നാല്‍ അവരെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വര്‍ണത്തില്‍നിന്നുള്ള പണം നിരോധിക്കപ്പെട്ട സംഘടനകള്‍ക്കു ലഭിക്കുന്നുണ്ടെങ്കിൽ തടയേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ചോദിച്ചു. തനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയാമെന്നും ഗവർണർ പറഞ്ഞു.
തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസമാണ് മുഖ്യമന്ത്രി എടുത്തത്. എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഇത്രയും നീളാൻ കാരണമെന്നും ഗവർണർ വിമർശിച്ചു. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടതെന്നും ഗവർണർ ചോദിച്ചു. ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ലെന്നും അദ്ദേഹം ആരാഞ്ഞു.
മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചോദിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.