തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. നിരവധി കുഞ്ഞുങ്ങളാണ് സംസ്ഥാനത്തുടനീളം ഇന്ന് ഹരിശ്രീ കുറിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളായ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ആയിരക്കണക്കിന് പേരാണ് വിദ്യാരംഭം കുറിക്കാൻ കുട്ടികളുമായെത്തിയിരിക്കുന്നത്.
സാധാരണയായി വിദ്യാ ഭഗവതിയായ സരസ്വതിയേ പ്രാർഥിച്ച ശേഷം ‘ഓം ഹരി ശ്രീ ഗണപതായേ നമഃ’ എന്ന് എഴുതിയാണ് വിദ്യാരംഭം നടത്താറുള്ളത്. മറ്റുള്ളവർ ഭഗവതിക്ക് മുൻപിൽ പൂജ വെച്ച തങ്ങളുടെ തൊഴിൽ വസ്തുക്കൾ എടുത്തു ഉപയോഗിച്ച് തുടങ്ങുന്നു.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേംമാംമ്പിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങാട്ടിരി വള്ളുവനാടൻ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങിയ സരസ്വതി പ്രധാനമായ ദേവിക്ഷേത്രങ്ങളിളെല്ലാം പതിനായിരക്കണക്കിന് ആളുകളാണ് കുട്ടികളെയും കൊണ്ട് വരുന്നത്. കൂടാതെ കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടത്താറുണ്ട്.