തിരുവനന്തപുരം: കാൻസർ രോഗ നിയന്ത്രണ രംഗത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് എത്രത്തോളം ഫലപ്രദമായി ഇടപെടാനുകുമെന്നതിന് ഉദാഹരണമാണ് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററുമായി സഹകരിച്ച് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ കാൻസർ മുൻകൂർ രോഗനിർണയ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.
നാളെ ദേശീയ കാൻസർ ബോധവത്ക്കരണ ദിനത്തിൽ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവന നൽകുന്ന പോത്തൻകോട് പഞ്ചായത്തിനെ ആർ.സി.സി ആദരിക്കുന്നു. ആർ.സി.സിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.സജീദ് എ പഞ്ചായത്ത് അധികൃതരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെടുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാൻസർ മുൻകൂർ രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ക്യാമ്പിൽ പങ്കെടുത്ത് രോഗനിർണയം നടത്തുന്ന/ രോഗ സാധ്യതയുള്ളവരുടെ തുടർപരിശോധന ഉറപ്പാക്കുന്നതിലൂടെയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവയ്ക്കുന്നത്.