കൊല്ലം: കൊല്ലം കലക്റ്ററേറ്റ് സ്ഫോടനക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 3 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാലാം പ്രതി ഷംസുദ്ദിനെ (28) കോടതി വെറുതെ വിട്ടു. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. അതെ സമയം എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, സ്‌ഫോടക വസ്തു നിയമവും യുഎപിഎ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ. 2016 ജൂൺ 15ന് രാവിലെ 10.50 നാണ് സംഭവം നടന്നത്. ചോറ്റുപാത്രത്തില്‍ ബോംബുവച്ചാണ് പ്രതികൾ സ്‌ഫോടനം നടത്തിയത്. മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാത്ത ജീപ്പില്‍ ആയിരുന്നു ഇവർ ചോറ്റുപാത്രം വച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.