തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് മൊഴിയിൽ പറയുന്നത്. തന്നെ ഒഴിവാക്കാൻ ആതിര ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് കൃത്യം നടത്തിയത്.
സംഭവ ദിവസം രാവിലെ 6.30ക്കാണ് ജോൺസൻ പെരുമാതുറയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. അതിനുശേഷം ആതിര കുട്ടിയെ സ്കൂളിൽ അയക്കുന്നതുവരെ ആതിരയുടെ വീടിനു സമീപമായി ആരും അറിയാതെ നിന്നിരുന്നു. ഇക്കാര്യം അതിരയ്ക്കും അറിയാമായിരുന്നുവെന്നും ജോൺസൺ പറയുന്നു.
കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിട്ടതിനു ശേഷമാണ് ജോൺസൻ ആതിരയുടെ വീട്ടിനുള്ളിൽ കയറിയത്. കയ്യിൽ കത്തിയുമായിട്ടാണ് ഇയാൾ വീട്ടിൽ എത്തിയത്. തുടർന്ന് ആതിര അടുക്കളയിൽ കയറിയ സമയം കത്തി കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നു.
അതിനുശേഷം ആതിര നൽകിയ ചായ കുടിക്കുകയും പിന്നീട് ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ആതിരയെ കുത്തിയത്. ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ടും ഇട്ടാണ് ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്.
അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയും തുടർന്ന് കോട്ടയത്തെ വീട്ടിൽ വന്ന് വസ്ത്രങ്ങൾ എടുത്ത് അടുത്ത താവളത്തിലേക്ക് പോകാൻ നിൽക്കവെയാണ് പോലീസിന്റെ പിടിയിലാകുന്നത്.