
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണാണ് കുഞ്ഞ് മരിച്ചത്. നേമം കുളകുടിയൂർക്കോണത്ത് സുമേഷ് – ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കിണറ്റിൽ വീണ പാവക്കുട്ടിയെ തിരയുന്നതിനിടെ അബദ്ധത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. കുട്ടിക്ക് സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല.
കുട്ടിയെ കാണാത്തതിനെത്തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നെന്നാണ് സൂചന. അച്ഛന്‍ സുമേഷ് പെയിന്റിംഗ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികള്‍ കഴുകുകയായിരുന്നു. ‘അമ്മ തിരികെയെത്തി കുഞ്ഞിനെ തിരക്കിയപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.


