
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ കൂട്ടക്കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫ്ഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് അറിയാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം പ്രതി മദ്യപിക്കുന്ന ആളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുള്ളതിനാൽ പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
കൂട്ടക്കൊലപാതകത്തിൽ ചുള്ളാളം എസ്എൻപുരം സ്വദേശികളായ ലത്തീഫിന്‍റെയും ഭാര്യ ഷാഹിദയുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെന്നും പോലീസ് അറിയിച്ചു. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.ലത്തീഫിന്റെ വീട്ടിൽ മൽപ്പിടുത്തം നടത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് വിവരം. അലമാര തുറന്ന നിലയിലാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അരുൺ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ പ്രതി അഫാൻ്റെ സഹോദരന്‍ അഫ്സാൻ്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. അഫാൻ്റെ പെണ്‍ സുഹൃത്ത് ഫർസാനയുടെ നെറ്റിയിലാണ് മുറിവുള്ളത്. അഫാൻ്റെ മുത്തശ്ശി സൽമാബീവിയുടെ തലയുടെ പിൻഭാഗത്ത് മാരകമായ പരിക്കുണ്ട്.
മൂന്ന് സ്റ്റേഷൻ പരിധികളിലായി നടന്ന കൊലപാതകങ്ങൾ വ്യത്യസ്ത സംഘങ്ങളായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനകം കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. എന്നാൽ കൊലപാതക കാരണം സാമ്പത്തിക കാരണങ്ങൾകൊണ്ട് മാത്രമല്ലെന്ന നിഗമനത്തിലാണ് പോലീസ്.


