
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ പൊതുപരീക്ഷകൾക്ക് ഇന്ന് അവസാനം. രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ ഇക്കാല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമാപനമാകും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്.
അതേസമയം പരീക്ഷ അവസാനിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ആഘോഷപരിപാടികള്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില പറയുന്നത്. സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാക്കാനാണ് കർശന നിർദേശം പുറപ്പെടുവിച്ചത്.
എല്ലാ സ്‌കൂൾ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ സ്‌കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഉത്തരവിൽ പറയുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. പരീക്ഷ കഴിഞ്ഞാൽ കുട്ടികളെ രക്ഷിതാക്കൾ ഉടൻ വീട്ടിൽ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്.
ഇത്തവണ 4,27,021 വിദ്യാർഥികൾ പരീക്ഷ എഴുതി. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും.


