spot_imgspot_img

കുടിയേറ്റ കുടുംബത്തിൽ നിന്ന് കത്തോലിക്ക സഭയുടെ നേതാവായ ജനകീയൻ

Date:

കത്തോലിക്കാ സഭയുടെ 266-ാമത് ആഗോള നേതാവ് ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയും ജെസ്യൂട്ട് സഭാംഗമായ ആദ്യ മാർപ്പാപ്പയുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ലാളിത്യം, ദരിദ്രരോടുള്ള അനുകമ്പ, സാമൂഹിക നീതിക്കായുള്ള പ്രതിബദ്ധത എന്നിവയാൽ നിറഞ്ഞതാണ്. ജോർജ് മരിയോ ബെർഗോളിയോ എന്ന പേരിൽ 1936 ഡിസംബർ 17-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ആണ് അദ്ദേഹം ജനിച്ചത്.

ആദ്യകാല ജീവിതം

അഞ്ച് മക്കളുള്ള ഒരു മധ്യവർഗ കുടുംബത്തിൽ വളർന്ന അദ്ദേഹത്തിന്റെ പിതാവ് മരിയോ ജോസ് ബെർഗോളിയോ ഒരു റെയിൽവേ ജോലിക്കാരനും മാതാവ് റെജിന മരിയ ഒരു വീട്ടമ്മയുമായിരുന്നു. ബ്യൂണസ് ഐറിസിലെ ഫ്ലോറസ് എന്ന മധ്യവർഗ പ്രദേശത്താണ് അദ്ദേഹം വളർന്നത്. കെമിസ്ട്രി ടെക്നീഷ്യനായി പഠനം പൂർത്തിയാക്കിയ അദ്ദേഹം ഒരു ലബോറട്ടറിയിലും പിന്നീട് ഒരു ബൗൺസറായും ജോലി ചെയ്തു. 21-ാം വയസ്സിൽ ശ്വാസകോശ രോഗം മൂലം അദ്ദേഹത്തിന്റെ ഒരു ശ്വാസകോശം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

“കർദിനാൾ ഓഫ് ദി പൂർ”

തന്റെ 22-ാം വയസ്സിലാണ് ബെർഗോളിയോ ജെസ്യൂട്ട് സഭയിൽ അദ്ദേഹം ചേർന്നത്. ജെസ്യൂട്ട് പരിശീലനത്തിന്റെ ഭാഗമായി മാനവിക വിഷയങ്ങൾ, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചു. 1969 ഡിസംബർ 13-ന് വൈദികനായി. 1973-ൽ ജെസ്യൂട്ട് സഭയുടെ അർജന്റീനയിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായി നിയമിതനായി, 1980 വരെ പദവിയിൽ തുടർന്നു. 1992-ൽ ബെർഗോളിയോ ബ്യൂണസ് ഐറിസിന്റെ സഹായ ബിഷപ്പായി നിയമിതനായി, 1998-ൽ ആർച്ച് ബിഷപ്പായി. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തി. ബ്യൂണസ് ഐറിസിൽ ദരിദ്ര പ്രദേശങ്ങളിലെ ജനങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി. പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുകയും ലളിതമായ ജീവിതശൈലി നയിക്കുകയും ചെയ്തു. “കർദിനാൾ ഓഫ് ദി പൂർ” എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ലാളിത്യം നിറഞ്ഞ മാർപാപ്പ

2013-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ രാജി പ്രഖ്യാപനത്തെ തുടർന്ന് നടന്ന കോൺക്ലേവിൽ ബെർഗോളിയോ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ഓർമയ്ക്കായി “ഫ്രാൻസിസ്” എന്ന പേര് സ്വീകരിച്ചു, ഇത് ദാരിദ്ര്യത്തോടും ലാളിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു. വത്തിക്കാനിലെ ആഡംബര ഭവനത്തിന് പകരം, സാന്താ മാർത്ത ഗസ്റ്റ് ഹൗസിൽ താമസിക്കാൻ അദ്ദേഹം തീരുമാനിച്ചു, ഇത് അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെ പ്രതീകമായി.

ആധുനിക കാഴ്ചപ്പാടുകൾ

അഭയാർഥികൾ, കുടിയേറ്റക്കാർ, ദരിദ്രർ എന്നിവരോടുള്ള അനുകമ്പ അദ്ദേഹത്തെ എന്നും വേറിട്ട നിർത്തി. 2013-ൽ ലാമ്പെഡൂസ ദ്വീപ് സന്ദർശിച്ച് അഭയാർഥികളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലൈംഗിക പീഡന കേസുകളിൽ അദ്ദേഹം കർശന നടപടികൾ സ്വീകരിച്ചു. കുറ്റവാളികൾക്കെതിരെ “zero tolerance” നയം പ്രഖ്യാപിച്ചു. ലൈംഗികത, വിവാഹം, കുടുംബം എന്നിവയിൽ ആധുനിക കാഴ്ചപ്പാടുകൾ സ്വീകരിച്ചു. ഇത് സഭയ്ക്ക് ഉള്ളിൽ വിമർശനങ്ങൾക്കും കാരണമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തെ വിശ്വാസവുമായി ബന്ധിപ്പിച്ചു. 2019-ൽ യു.എ.ഇ. സന്ദർശിച്ച അദ്ദേഹം “Document on Human Fraternity” ഒപ്പിട്ട് ഇസ്ലാം-ക്രിസ്ത്യൻ ഐക്യത്തിന് വഴിയൊരുക്കി.

സ്വവർഗ്ഗാനുരാഗികളെയും ട്രാൻസ്‍ജൻഡർ വ്യക്തികളെയും ചേർത്ത് പിടിച്ചു

സ്വവർഗാനുരാഗികളോട് അദ്ദേഹം അനുകമ്പയും ബഹുമാനവും കാണിച്ചു. 2020-ലെ ഒരു ഡോക്യുമെന്ററിയിൽ, അദ്ദേഹം സ്വവർഗ ദമ്പതികൾക്ക് നിയമപരമായ പരിരക്ഷ നൽകുന്നതിനെ പിന്തുണച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളോട് അദ്ദേഹം വ്യക്തിപരമായി ദയയോടെ പെരുമാറി. വത്തിക്കാനിൽ അവരെ സ്വീകരിക്കുകയും അവരുടെ കഥകൾ കേൾക്കുകയും ചെയ്തു. മറുവശത്ത്, സ്വവർഗ വിവാഹത്തിനോ സ്ത്രീകളുടെ പൗരോഹിത്യത്തിനോ ഉള്ള അംഗീകാരം നൽകാത്തതിനാൽ അദ്ദേഹത്തിന് എതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികളുടെ ജീവിതപ്രശ്‌നം പരിഹരിക്കണം: റസാഖ് പാലേരി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ഹാര്‍ബര്‍ പുനസ്ഥാപിക്കുകയും മത്സ്യതൊഴിലാളികളുടെ ജീവിതപ്രശ്‌നം...

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഗ്രാഫിക് ഡിസൈന്‍ പരിശീലനം

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ആരംഭിച്ച ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ്...

മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക...

തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് വിമുക്തഭടനെ അതിക്രൂരമായി...
Telegram
WhatsApp