
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് നടൻമാർ എത്തിയത്. ഇരു നടന്മാർക്കൊപ്പവും അവരുടെ അഭിഭാഷകരും ഉണ്ടായിരുന്നു.
താരങ്ങളെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി എക്സൈസ് തയ്യാറാക്കിയിട്ടുണ്ട്. നടന്മാരെ കൂടാതെ കേസിൽ ചോദ്യം ചെയ്യലിനായി മോഡലായ സൗമ്യയും ഹാജരായിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്കും എക്‌സൈസ് കടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
രാവിലെ 7:30ക്കാണ് ഷൈൻ എത്തിയത്. എക്സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂർ മുമ്പ് ഷൈൻ ഹാജരായി. ബംഗ്ലൂരുവിൽ നിന്നാണ് ഷൈൻ എക്സൈസ് ഓഫീസിലെത്തിയത്.രാവിലെ വിമാനം മാർഗമാണ് കൊച്ചിയിൽ എത്തിയത്. നിലവിൽ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് ഷൈൻ. ഒരു മണിക്കൂറിനകം ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്നും ഷൈൻ നിബന്ധന വെച്ചു.
അതേസമയം ശ്രീനാഥ് ഭാസി 8.10 നും സൗമ്യ 8.30 നും എക്സൈസ് ഓഫീസിലെത്തി. മൂന്ന് പേരെയും പ്രത്യേകമായിരിക്കും ചോദ്യം ചെയ്യുക. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.


