
കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കാറിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു.
നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള നായത്തോട് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, ബിഹാർ സ്വദേശിയായ സിഐഎസ്എഫ് കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാഹനത്തിന്സൈഡ് കൊടുക്കാത്തതിന് പ്രതികാരമായാണ് യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാർ കയറ്റി കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ.
വിമാനത്താവളത്തിലെ സിഎഎഫ്എസ് ഷെഫാണ് ഐവിന്‍. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവത്തിനു പിന്നാലെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങി ഓടുകയും മറ്റൊരാൾ നാട്ടുകാരുടെ മർദ്ദനമേറ്റ് അങ്കമാലി ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട മോഹൻ കുമാറിനെ ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. നിലവിൽ രണ്ടു പേരും പോലീസ് കസ്റ്റഡിയിലാണ്.


