
കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. 52 വയസാണ്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കത്തിയുമായി വധഭീഷണി മുഴക്കി മേയറുടെ വീട് അന്വേഷിച്ചെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ പൊലീസിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം അനിൽ കുമാർ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.


